കര്‍ത്താവിനെ ആരാധിക്കുവനായി മറ്റു സഭകളില്‍ നിന്നും സന്ദര്‍ശകരായി എത്തുന്ന പുരുഷന്മാര്‍ ചില സ്ഥലങ്ങളില്‍ സ്ത്രീകളും (സ്ത്രീകള്‍ സഭകളില്‍ മിണ്ടാതിരിക്കണം (1കൊരിന്ത്യര്‍ 14:34) എന്ന ദൈവവചന വ്യവസ്ഥക്ക് വിപരീതമായി) എഴുന്നേറ്റു ‘തങ്ങളെ തന്നെ പരിചയപ്പെടുത്തി ഒരു സാക്ഷ്യം’ പറയുന്ന പതിവുണ്ട്. ക്രിസ്തീയ സഭകളില്‍ ഈവിധ പരിചയം എപ്പോള്‍, എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. സത്യസന്ധമായി വചനം പരിശോധിക്കുന്ന വിശ്വാസിക്ക് പുതിയ നിയമത്തില്‍ എവിടെയും കാണുന്ന ഒരു പതിവല്ല ഈ ‘ആചാരം’ എന്ന് മനസിലാക്കുവാന്‍ പ്രയാസമുണ്ടാകില്ല. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ‘ഇടയന്‍ തന്‍റെ ഉത്തരവാദിത്വം നിര്‍വഹിക്കാത്തെടുത്തു, ആടുകള്‍ തന്നെത്താന്‍ പരിചയപ്പെടുത്തേണ്ടി വരുന്ന ദയനീയ സ്ഥിതിയാണ്. മൂപ്പന്മാരുടെ ഇങ്ങനെയുള്ള ‘ഭരണത്തിന്‍റെ’ ദോഷഫലങ്ങള്‍, ആ സഭയുടെ എല്ലാ കാര്യങ്ങളെയും പ്രതിഫലിക്കുന്നതാണ്.
ദൈവ വചനാനുസൃതമായ മാര്‍ഗം, ഒരു വിശ്വാസി സ്വന്തം സ്ഥലം സഭയില്‍ നിന്നും ഒരു ശുപാര്‍ശ കത്ത് അഥവാ ശ്ലാഖ്യപത്രം ( Commendation Letter) വാങ്ങി കൊണ്ടുപോകുകയാണ്. അതല്ലാത്ത പക്ഷം സന്ദര്‍ശകരായി എത്തുന്ന സഭയിലെ ചുമതലപ്പെട്ട ഒരു ഏതെങ്കിലും ഒരു വിശ്വാസി അക്കാര്യത്തില്‍ സാക്ഷ്യ പ്പെടുത്താനായി ഉണ്ടാകണം. ബര്‍ന്നബാസ് പൌലോസിനെ യെരുശലേം സഭക്ക് പരിചയപ്പെടുത്തിയതുപോലെ തന്നെ. (അപ്പോസ്തല പ്രവര്‍ത്തി 9:26-28). റോമ ലേഖനം 16 ന്‍റെ ആരംഭത്തില്‍ ഒരു സഹോദരിയെ അപ്പോസ്തലനായ പൗലോസ് തന്നെ പരസ്യമായി പരിചയപ്പെടുത്തുന്നതായി കാണാം. സന്ദര്‍ശകരായി എത്തുന്ന വിശ്വാസികളായ സഹോദരനെയോ, സഹോദരിയെയോ ഉചിതമാകും വണ്ണം സഭയില്‍ സ്വീകരിക്കേണ്ടതായ ചുമതല, സഭയിലെ മൂപ്പന്മാര്‍ ചെയ്യേണ്ടതായ ശുശ്രുഷയാണ്.
ചില സഭകളില്‍ ഏതെങ്കിലും സഹോദരനോ സഹോദരിയോ മുന്‍ കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളില്‍ സഭയില്‍ വന്നിട്ടില്ലാത്ത പക്ഷം അതിന്റെ കാരണം എഴുന്നേറ്റു ഒരു ചെറിയ പ്രസ്താവനയായി (സാക്ഷ്യം) പറയുക പതിവുണ്ട്. അതിനു കാരണമായത് അവരില്‍ വന്നുപോയ ഏതെങ്കിലും പാകപിഴകളാണ് എങ്കില്‍ അത് എറ്റു പറഞ്ഞു എന്ന് വരാം. ഇങ്ങനെയുള്ളവര്‍ മുന്‍കൂട്ടി തന്നെ സഭയിലെ മൂപ്പന്മാരെ വിവരം അറിയിക്കുകയും, സഭയിലെ മൂപ്പന്മാര്‍ അവരെ സന്ദര്‍ശിക്കുകയും, ഏതെങ്കിലും വിശ്വാസി തക്ക കാരണമില്ലാതെ സഭ യോഗത്തിന് വരാതിരുന്നതാണ് എങ്കില്‍ അവരെ യാഥാസ്ഥാനപ്പെടുത്തുകയോ തിരുത്തുകയോ ചെയ്യേണ്ടതാണ്. ഇത് ഇടയ ശുശ്രുഷയില്‍ ഉള്ള കാര്യം ആകുന്നു.
ദൈവം എഴുന്നേല്‍പ്പിച്ച മൂപ്പന്മാരുടെ അധികാരങ്ങള്‍ കുറയ്ക്കുവാനും, കൂടുതല്‍ ‘ജനാധിപത്യം’ സഭകളില്‍ കൊണ്ടുവരാനും, ഒപ്പം ചില പെന്തികോസ്ത് സഭ വിഭാഗങ്ങളുടെ ആരാധനയിലെ ‘സാക്ഷ്യം’ എന്നതിന്റെയും ചുവടുപിടിച്ച്, ദുരുപദേഷ്ടാക്കന്മാര്‍ സഭയിലേക്ക് കൊണ്ടുവന്ന പുത്തന്‍ ആശയയങ്ങളില്‍ ഒന്നാണ് ’സ്വയം പരിചയപ്പെടുത്തല്‍’ അഥവാ സാക്ഷ്യം. തങ്ങളുടെ ‘ജോലിഭാരം’ എങ്ങനെ കുറയ്ക്കാം എന്ന് ആലോചിച്ചിരുന്ന മുപ്പന്മാര്‍ക്ക് ഇത് ഒരു തുണയായി. നമ്മുടെ സഭകളിലെ ‘ജനാധിപത്യം’ ആഗ്രഹിക്കുന്ന ജഡീകന്‍മാര്‍ ഇങ്ങനെയുള്ള ‘പുത്തനാശയങ്ങള്‍’ അതിവേഗം മറ്റു സഭകളിലേക്കു കൊണ്ടുവരും. കര്‍ത്താവിന് മഹത്വം കൊടുക്കേണ്ടതയ സമയം ‘സ്വയം’ പരിചയപ്പെടുത്തി മഹത്വം എടുക്കുന്ന രീതിയില്‍ നിന്നും സഭയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ അവരുടെ ചുമതലകള്‍ നിറവേറ്റി കര്‍ത്താവിനെ മാത്രം ഉയര്‍ത്തുവാന്‍ ദൈവം സഹായിക്കട്ടെ.
മൂപ്പന്‍ എന്ന കൃപാവരം ‘മൂപ്പന്‍’ എന്ന പദവിയില്‍, ഒരു സ്ഥിരമായ ഇരിപ്പിടത്തില്‍ ഇരുക്കുന്നതും, ചില സഭകളില്‍ കര്‍തൃമേശ എടുത്തു കൊടുക്കുന്നതും മാത്രമായി ഒതുങ്ങുന്നു. മൂപ്പന്മാര്‍ സഭയിലുള്ള ഓരോ വിശ്വാസികളുടെയും, സഭാകാര്യങ്ങളുടെയും കണക്കു കൊടുക്കേണ്ടവരാണ് എന്ന വസ്തുത മനപൂര്‍വം മറക്കുന്നു. സന്ദര്‍ശകരായി വന്നിരിക്കുന്നവര്‍ തന്നത്താന്‍ പരിചയപ്പെടുത്തി, ആരാധനയോടുള്ള ബന്ധത്തില്‍ ഒരു ചിന്തയും പറഞ്ഞു. ചിന്തയിലെ ഗംഭീര്യം കൊണ്ട് വചന ശുശ്രുഷക്കുള്ള സമയം കിട്ടിയാല്‍ ഉഗ്രന്‍ ഒരു പ്രബോധനവും. ആ കൂട്ടത്തില്‍ വചനമാകുന്ന ‘ആഹാരത്തോടൊപ്പം’ നല്‍കപ്പെടുന്നതില്‍ ചിലത് ആടുകള്‍ക്ക് ദഹനക്കേടും, പ്രയാസങ്ങളും ഉണ്ടാക്കും എന്ന കാര്യം മറക്കരുത്. അങ്ങനെ നമ്മുടെ സഭയിലെ ഉത്തരവാദിത്വപ്പെട്ടവരും ഹാപ്പി…. സന്ദര്‍ശകനും ഹാപ്പി…