സഭയില്‍ അപ്പം നുറുക്കുവാന്‍ (തിരുവത്താഴ ശുശ്രുഷക്കായി ) കൂടിവരുമ്പോള്‍ വിശ്വാസികള്‍ കര്തൃമേശക്കു ”ചുറ്റും” ഇരിക്കുന്നത് എന്തുകൊണ്ടാണ് ?

മേശക്കു ചുറ്റും ഇരിക്കണം എന്ന് ആജ്ഞാപിക്കുന്ന ഒരു വാക്യവും നമുക്ക് ബൈബിളില്‍ കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും ഈ വിഷയത്തിന്റെ പ്രാധാന്യതയിലേക്കും, അതിനെ സാധൂകരിക്കുന്ന പ്രമാണങ്ങളിലേക്കും വെളിച്ചം വീശുന്ന ചില വസ്തുതകള്‍ നമുക്ക് ദൈവവചനത്തില്‍ കാണുവാന്‍ കഴിയും. ഉദാഹരണമായി, ഒരു സുവിശേഷ യോഗത്തിന്റെ പ്രാരംഭത്തിലും അവസാനത്തിലും സുവിശേഷ ഗീതങ്ങള്‍ ആലപിക്കണം എന്നുള്ളതിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ദൈവത്തിന്റെ പരിശുധാത്മാവ് അപ്പോസ്തലനായ പൌലോസിലൂടെ സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും ദൈവത്തിനു പാടണം എന്നുള്ള കാര്യം നമ്മെ പ്രബോധിപ്പിക്കുന്നു. (കൊലോ.3:16 , എഫെ. 5:19). ഒരു സുവിശേഷ യോഗത്തില്‍ അനുഗ്രഹീതമായ ഒരു സുവിശേഷ ഗാനം ആലപിച്ചു കൂടിവരവ് ആരംഭിക്കുന്നത് ഉചിതമായ ഒന്നാണ് എന്നുള്ളത് നാം ഏവരും സമ്മതിക്കുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് കേട്ട സന്ദേശത്തിനോട് അനുയോജ്യമായി വരുന്ന ഒരു പാട്ട് പാടി കൂടിവരവ് അവസാനിപ്പിക്കുന്നു എന്നുള്ളതും നല്ലതാണല്ലോ.  ഇതിനോടും നമുക്ക് എതിരഭിപ്രായം ഉണ്ടാകില്ല. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ ” ( 1 കൊരിന്ത്യര്‍. 14:40 ) എന്ന് കൊരിന്തിലെ സഭയോട് പറയുന്നതിന്റെ സാരവും മറ്റൊന്നല്ല. 

എന്റെ ഓര്‍മ്മക്കായി കൂടിവരുവിന്‍ എന്ന് പറഞ്ഞു തിരുവത്താഴ ശുശ്രുഷ സ്ഥാപിച്ചത് നമ്മുടെ കര്‍ത്താവു തന്നെയാണ്. കര്തൃ മേശ ആചരണം സഭകളില്‍ നടന്നത് അപ്പോസ്തല പ്രവര്‍ത്തികളില്‍ നമുക്ക് കാണുവാന്‍ കഴിയും. മാത്രമല്ല, ലേഖനങ്ങളിലുടനീളം ഈ ശുശ്രുഷയുടെ മഹത്വത്തെയും, അതിന്റെ ആവശ്യകതെയും മറ്റും സംബന്ധിച്ച് പ്രതിപാദിക്കുന്ന ധാരാളം പഠിപ്പിക്കലുകളും നമുക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. കര്‍തൃമേശ ആചരിക്കുന്നതിനായിട്ട് കടന്നു വരുന്ന കൂടിവരവില്‍ വിശ്വാസികള്‍ എങ്ങനെ, എവിടെ ഇരിക്കണം എന്നതിനെക്കുറിച്ച് ആക്ഷരികമായി പറഞ്ഞിരിക്കുന്ന കല്പനയോ മാര്‍ഗ നിര്‍ദേശമൊ ഇല്ലെങ്കില്‍ കൂടി ഈ ആശയം വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങളും ചില സത്യങ്ങളും നമുക്ക് തിരുവചനത്തില്‍ നിന്നും ലഭ്യമാണ്. 

ഒന്നാമതായി , ദൈവം യിസ്രായേലിനോടു പറഞ്ഞത് നമുക്ക് മനസിലാക്കുവാന്‍ കഴിയുന്നുണ്ട്. ദൈവം താന്‍ തന്നെ അവരുടെ നടുവില്‍ വസിക്കുവാന്‍ താല്പര്യപ്പെടുന്നു. സമാഗമന കൂടാരത്തെ അപഗ്രഥനം ചെയ്യുമ്പോള്‍ നമുക്ക് ഈ വസ്തുത കാണുവാന്‍ കഴിയും. ദൈവം സമാഗമന കൂടാരത്തില്‍ തിരുനിവാസത്തിലൂടെ തന്റെ സാന്നിധ്യം യിസ്രായേല്‍ മക്കളുടെ മധ്യത്തില്‍ വക്കുമ്പോള്‍ കൂടാരത്തിന് ചുറ്റും യിസ്രായേല്‍ ജനം ഓരോരുത്തരും എവിടെ താമസിക്കണം എന്നതിനെക്കുറിച്ച് ദൈവം വളരെ വ്യക്തമായ നിര്‍ദേശങ്ങള്‍ അവര്‍ക്ക് കൊടുത്തിരുന്നു. യിസ്രായേല്‍ജനം തങ്ങളുടെ മരുഭൂമി പ്രയാണത്തില്‍ ഓരോ പ്രദേശത്തും കൂടാരമടിച്ചു താമസിക്കുമ്പോള്‍ സമാഗമന കൂടാരം സ്ഥിതി ചെയ്യുന്നത് അവരുടെ മധ്യത്തില്‍ ആയിരിക്കും. ഓരോ ഗോത്രങ്ങളും അവര്‍ക്കായി നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത്, സമാഗമന കൂടാരത്തെ മുഴുവനും വൃത്താകൃതിയില്‍ ചുറ്റപ്പെടുന്ന രീതിയില്‍, തങ്ങളുടെ താമസസ്ഥലങ്ങളെ ഉറപ്പിക്കുന്നു (സംഖ്യ . 2 ).  സമാഗമന കൂടാരം യിസ്രായേല്‍ക്കൂട്ടത്തിന്റെ നടുവില്‍, മറ്റ് രാജ്യക്കാര്‍ക്കോ അന്യര്‍ക്കോ സമാഗമന കൂടാരത്തിലേക്കു പ്രവേശനം സാധ്യമാകാത്ത രീതിയില്‍ വളരെ ഭദ്രമായി കാക്കപ്പെടുന്നു. 

അടുത്തതായി നമ്മുടെ ശ്രദ്ധ വെളിപ്പാട് പുസ്തകത്തിലെ 4 , 5 അദ്ധ്യായങ്ങളിലേക്ക് തിരിക്കുമ്പോള്‍ നാം അവിടെ കാണുന്നത് സ്വര്‍ഗ്ഗത്തിലെ മനോഹരമായ ദൃശ്യത്തെ കുറിച്ചാണ്. സിംഹസനത്തിന്റെയും, നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ആയിരിക്കുന്ന അറുക്കപ്പെട്ട കുഞ്ഞാടിന്റെ ദൃശ്യം (വെളിപ്പാട് . 5 : 6 ).  യോഹന്നാന്‍ അപ്പോസ്തലന്‍, ഈ മനോഹര ദൃശ്യത്തെ ഈ അദ്ധ്യായങ്ങളില്‍ വിവരിക്കുമ്പോള്‍ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുന്ന വാക്കാണ്‌ ചുറ്റിലും (round about) എന്നത്. യിസ്രായേല്‍ജനതക്ക്‌ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ദൈവസാന്നിധ്യം അനുഭവിക്കുന്നതിനു വേണ്ടിയും ദൈവം ഒരുക്കിയ സംവിധാനത്തെക്കുറിച്ചും നിത്യനായ ദൈവം വീണ്ടെടുക്കപ്പെട്ട തന്റെ ജനത്തോടു (സഭ) ഒരുമിച്ചു നിത്യകാലം വാഴുന്ന സ്ഥലത്ത് വിശുദ്ധന്മാര്‍ക്ക് നിര്‍ഗളമായി ദൈവത്തെ ആരാധിക്കുവാന്‍ വേണ്ടി ദൈവം ഒരുക്കുന്ന സംവിധാനത്തെക്കുറിച്ചും നാം ചിന്തിക്കുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍, നാം അറിയുന്ന ശ്രേഷ്ഠകരമായ അനുഭവമാണ്‌ ദൈവസാന്നിധ്യം തന്റെ ജനത്തിന്റെ നടുവില്‍ (in the midst)”, ” ചുറ്റിലും (encircled)” ആയിരിക്കുന്നു എന്നുള്ളത്. രണ്ടോ മൂന്നോ പേര്‍ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ കൂടിവരുന്നതിന്റെ ‘നടുവില്‍’ കര്‍ത്താവിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്ന് സഭയോടുള്ള ബന്ധത്തില്‍ കര്‍ത്താവായ യേശുക്രിസ്തു തന്നെ നല്‍കിയിരിക്കുന്ന മഹത്തരമായ വാഗ്ദത്തമാണ്. (മാത്യു . 18 : 20 ). ആയതിനാല്‍ നമ്മുടെ കര്‍ത്താവിന്റെ ശരീരത്തേയും അവന്റെ തിരുരക്തത്തെയും ഓര്പ്പിക്കുന്ന അപ്പവും പാനപാത്രവും വച്ചിരിക്കുന്ന മേശക്കു (Lord’s Table) ചുറ്റിലും കൂടിയിരിക്കുക എന്നുള്ളത് ദൈവഹിത പ്രകാരമുള്ള ഒരു മാതൃകയാണ് എന്നത് നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്നു. 

മേശക്കു ചുറ്റും ആയിരിക്കുക എന്നുള്ളതിന്റെ പ്രായോഗിക വശങ്ങളിലും ധാരാളം ഗുണങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. മേശ മുന്നിലും മറ്റ് ഇരിപ്പിടങ്ങള്‍ നിരകളായിട്ടും ക്രമീകരിച്ചാല്‍ പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട്. പിന്‍നിരയില്‍ ഇരിക്കുന്ന ഒരാള്‍ സ്തോത്രം ചെയുകയോ തിരുവചനം വായിക്കുകയോ മറ്റോ ചെയുമ്പോള്‍ അത് മുന്നിലിരിക്കുന്നവര്‍ക്ക് കേള്‍ക്കുന്നതിനു തടസമായി തീരും. മാത്രമല്ല, ഒരുക്കപ്പെട്ട മേശ കൂടിവന്നിരിക്കുന്ന പലര്‍ക്കും വ്യക്തമായി കാണുവാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും . എന്നാല്‍ മേശക്കു ചുറ്റും വൃത്താകൃതിയിലൊ, ചതുരാകൃതിയിലോ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചാല്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ സാധിക്കും. കൂടാതെ 1 കൊരിന്ത്. 14:23 ല്‍ പറഞ്ഞിരിക്കുന്ന ആത്മവരമില്ലാത്തവന്‍ (പിന്മാറ്റക്കാര്‍ ) അല്ലെങ്കില്‍ അവിശ്വാസി എന്നിവരുടെ ഇരിപ്പിടത്തിന്റെ സ്ഥാനവും വ്യക്തമാക്കുവാന്‍ യോഗ്യമായ രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ സാധിക്കും. 

തിരുവത്താഴശുശ്രുഷയില്‍ ഇരിപ്പിടങ്ങളോടുള്ള ബന്ധത്തില്‍ ഏതാണ് യോഗ്യമായതും ദൈവഹിത പ്രകാരമുള്ളതും എന്നത് മനസിലാക്കുവാന്‍ ഈ ചിന്തകള്‍ സഹായകമായി എന്ന് വിശ്വസിക്കുന്നു. ലളിതമായ ഒരു കാര്യമാണെങ്കില്‍ തന്നെയും അതിന്റെ ആത്മീയ അര്‍ത്ഥത്തേയും, ശ്രേഷ്ഠതയേയും കൂടുതല്‍ മനസിലാക്കുമ്പോള്‍, ദൈവഹിതപ്രകാരം നാം പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ത്താവിനെ സ്തുതിക്കുന്നതില്‍ നമുക്കുള്ള പ്രാഗത്ഭ്യം വര്‍ദ്ധിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ദൈവജനം കൂടിവരുമ്പോള്‍ അവരുടെ നടുവില്‍ കര്‍ത്താവിന്റെ സാന്നിദ്ധ്യം ഉണ്ട്. സഭയുടെ നടുവില്‍ ആഗതനാകുന്ന, ആരാധനയുടെ കേന്ദ്ര വിഷയമായിരിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവിനെ സകല സ്തുതികളാലും മഹത്വപ്പെടുത്തുവാന്‍ ഈ ചിന്തകള്‍ പ്രചോദനമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

About these ads

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )